വ
ാക്കുകള്‍ കാലം പോകെ പോകെ, നിശ്ശബ്ദത കല്ലിച്ചു നില്‍ക്കുന്ന രണ്ടു കുന്നുകള്‍ക്കിടയിലൂടെ അലമുറയിട്ടൊഴുകുന്ന അരുവി പോലെയായി സാവിത്രിയുടെ ജീവിതം. അവളുടെ സങ്കടം പറച്ചിലൊക്കെയും രണ്ടു കുന്നുകളിലും തട്ടി പ്രതിധ്വനിച്ചതല്ലാതെ മറ്റു പ്രതികരണങ്ങളൊന്നുമില്ലാതെയായി. തന്റെ സ്‌പര്‍ശനങ്ങള്‍ കൊണ്ടൊന്നും ചൂടുപിടിക്കാനാവാത്ത വിധം തണുത്തുറച്ചു പോയിട്ടുണ്ട് രാമുണ്ണിയേട്ടന്റെ ശരീരമെന്ന തിരിച്ചറിവ് സാവിത്രിയിലും ഉടലെടുത്തിരുന്നു. ഗണിച്ചെടുക്കാനാവാതെ അപ്രതീക്ഷിത ദിവസങ്ങളില്‍ സാവിത്രി തീണ്ടാരി തുണി വാരിയെടുക്കുകയും, കൂടെ കിടപ്പ് മാറ്റി അടുക്കള ചായ്‌പ്പില്‍ പാ വിരിക്കുകയും ചെയ്‌തു. അപ്പോഴൊക്കെ തന്റെ ചോര്‍ന്നൊലിപ്പുകളോ, സങ്കടങ്ങളോ വെളിപ്പെടുത്താത്ത സ്വകാര്യത പോലെ അവള്‍ ഉളളിലൊളിപ്പിച്ചു നടന്നു. കര്‍ക്കിടക മാസത്തില്‍ ദേഹരക്ഷയ്‌ക്കായി തന്റെ അമ്മ മുടങ്ങാതെ കൊടുത്തു വിടാറുള്ള ദശമൂലാരിഷ്ടവും ജീരകാരിഷ്ടവും ച്യവനപ്രാശവും കൊണ്ടുവന്ന അമ്മായി സാവിത്രിയെ കണ്ട് കണ്ണു തള്ളി. "ഇന്റെ അമ്മേനക്കാളും പ്രായം തോന്നുന്നുണ്ടല്ലോടീ സാവീ, ഇപ്പം ഇന്നെ കാണാന്‍' എന്നുപറഞ്ഞ് മൂക്കത്ത് വിരല്‍ വെച്ചങ്ങിനെ നിന്ന നേരത്ത്, സാവിത്രിയുടെ കണ്ണുകളിലേക്ക് സങ്കടം ഉറവയെടുക്കാന്‍ തുടങ്ങിയിരുന്നു. തന്നില്‍ നിന്നും ഒലിച്ചിറങ്ങുന്ന സ്രവങ്ങളെല്ലാം നാണക്കേടിന്റെ അടയാളങ്ങളാണെന്ന തോനലില്‍ അമ്മായി കാണാതിരിക്കാന്‍ ധൃതിപ്പെട്ട് അവള്‍ സാരിതലപ്പു കൊണ്ട് സങ്കടം തുടച്ചു നീക്കി. പകരം നട്ട പുഞ്ചിരി വേരുപിടിക്കാതെ കരിഞ്ഞും പോയി. അമ്മായി എല്ലാം അറിയുന്നുണ്ടായിരുന്നു. വാക്കുകള്‍ വാക്കുകള്‍ കഥ രാജേഷ് അണിയാരം
പെരിങ്ങത്തൂര്‍ എക്‌സലന്റില്‍ പിഎസ് സി കോച്ചിങ്ങ് ക്ലാസും കഴിഞ്ഞ് വീട്ടിലേക്ക് വന്നു കയറിയ നിമിഷയാകട്ടെ അമ്മായിയെ കണ്ട് ഉള്ളിലൊരു സന്തോഷവും തെളിയാതെ തന്നെ, ചുണ്ടുകള്‍ വിടര്‍ത്തി പല്ലുകളുടെ വെണ്‍മ കാണിച്ച് അവളുടെ മുറിയിലേക്ക് കയറിപ്പോയി. ഹൃദയത്തില്‍ വേരുകളില്ലാത്ത ആ കൃത്രിമ പുഞ്ചിരിയേയും അമ്മായി വായിച്ചെടുത്തു. രാമുണ്ണിയേട്ടന്‍ അപ്പോള്‍ തന്റെ റേഷന്‍ കടയിലായിരുന്നതുകൊണ്ടു അയാളെ മാത്രം അമ്മായിക്ക് വായിക്കാനാവാതെ പോയി. ""ഇന്ന് പോണോ അമ്മായീ..?' സാവിത്രി ചോദിച്ചപ്പോള്‍, കഴിഞ്ഞ വരവിഌം അതിഌ മുമ്പത്തെ കര്‍ക്കടക വരവിഌം താനിങ്ങിനെ തന്നെ ചോദിച്ചിട്ടുണ്ടാവുമെന്ന് സാവിത്രി ഓര്‍ത്തു. "എനക്കങ്ങ് ഒഞ്ചിയത്ത് എത്തണ്ടതല്ലേ സാവീ..വിജാരിച്ച പോലെ ഈട്‌ന്ന് ബസ്സും കിട്ടൂല്ല.' അമ്മായി കഴിഞ്ഞ വര്‍ഷവും അതിഌ മുമ്പത്തെ വര്‍ഷവും ഇങ്ങിനെ തന്നെയാവും പറഞ്ഞിട്ടുണ്ടാവുക എന്ന് സാവിത്രി ഊഹിച്ചു. അതെ, വാക്കുകള്‍ക്കൊക്കെ ആവര്‍ത്തനങ്ങളുണ്ട്. വാക്കുകളൊന്നും മുളക്കാതെ പോകുന്ന വീടായതു കൊണ്ടാവും ഈ ദുര്‍വിധി. മുമ്പൊന്നും ഇങ്ങിനെയുള്ള ഒരുത്തിയായിരുന്നില്ല സാവിത്രി. കേള്‍ക്കാഌള്ള ചെവികളെയൊന്നും ശ്രദ്ധിക്കാറേയില്ലായിരുന്നു. പറഞ്ഞു തുടങ്ങിയാല്‍ ശ്വാസത്തിന് ഇടവേള പോലും അഌവദിക്കാതുള്ള ഒഴുക്കായിരുന്നു! ഏതൊരാള്‍ക്കും അവളെ കേള്‍ക്കാഌം ചോര്‍ത്താഌം എളുപ്പമായിരുന്നു. ഈ അടുത്തകാലത്തായി തന്റെ വാക്കുകള്‍ രൂപപ്പെടുന്നത് എത്ര ശ്രദ്ധാപൂര്‍വ്വമാണ്! ചേരുവകളെല്ലാം സമം ചേര്‍ത്താലും വാക്കുകള്‍ ചുണ്ടിറങ്ങി പോയാല്‍ മനസ്സിനൊരാധിയാണ്. സംസാരത്തിഌ മാത്രമല്ല, തന്റെ മൗനത്തിഌ പോലും എത്രമാത്രം കൃത്യതയാണെന്ന് അവള്‍ ഓര്‍ത്തു. "അതു കൊണ്ടു തന്ന്യാ അമ്മായീ ഈ വീട് ഒച്ചയറ്റു പോയത്.' ചിന്തകളുടെ തുടര്‍ച്ചയെന്നോണം വാക്കിറങ്ങി പോയത് സാവിത്രി പോലും ശ്രദ്ധിച്ചില്ല. അമ്മായിക്ക് ഒന്നും മനസ്സിലായതുമില്ല. പൂച്ച മുക്കിലെ പീടികയില്‍ പോയി വാങ്ങി കൊണ്ടുവന്ന
പലബിസ്‌ക്കറ്റും മിക്‌സ്‌ചറും തിന്നു കൊണ്ട് അമ്മായി വിശേഷങ്ങളോരോന്നും ചോദിച്ചും പറഞ്ഞും നേരമ്പോക്കി. നിമിഷയുടെ കല്യാണക്കാര്യം പറഞ്ഞ് ഹൃദയത്തില്‍ കനലിട്ടു. "അല്ലേലും ഒന്നല്ലേയുള്ളൂ.. ഇന്റെ അച്ഛന്റെ കുറച്ച് സ്‌ഥലം വിറ്റാല്‍ തന്നെ കേമമായിറ്റ് പെണ്ണിന്റെ കല്ല്യാണം കഴിപ്പിക്കാം' എന്നു പറഞ്ഞ് എരിയുന്ന കനലിലേക്ക് വെള്ളമൊഴിച്ചതും അമ്മായി തന്നെ. "ഇന്റെ പണ്ടത്തെ സൂക്കേടെല്ലാം എങ്ങിന്‌ണ്ട്?' തന്റെ ആരോഗ്യസ്‌ഥിതിയെ കുറിച്ച് ആരും ഇത്രയും താല്‍പ്പര്യത്തോടെ ചോദിച്ചിട്ടില്ലാത്തതു കൊണ്ട് അമ്മായിയുടെ ചോദ്യം കേട്ട് സാവിത്രി തെളിഞ്ഞു. "ഇപ്പളും ഇണ്ട് അമ്മായി.- പൊറത്താക്‌ന്നേന് ഒര് കൈക്കണക്ക് കിട്ടൂല്ല. ചെലപ്പം രണ്ട് മാസത്തേക്ക് ഒറ്റനിപ്പാ.. മറ്റ് ചെലപ്പം മാസത്തില് രണ്ടും മൂന്നും പ്രാവശ്യം.'' ""വീ.. എന്റെ കുഞ്ഞിമ്മോളെ വെറ്‌തെയല്ല ഇഞ്ഞി ബയസത്തിയായി പോയത്. ചോരേം നീരും വറ്റി പോയാല്‍ പിന്നെ ഇന്നെ എന്തിന് കൊള്ളും.? ഇത് കൊറേ കൊല്ലായില്ലേ തൊടങ്ങീറ്റ്.? "ആ..' പിന്നെ തനിക്ക് അറിയാവുന്ന ചോരേം നീരും വറ്റിപ്പോയ പെണ്ണുങ്ങളുടെ കഥ പറഞ്ഞ് അമ്മായി ആധി കേറ്റി. കാലപ്പഴക്കം കൊണ്ട് രോഗം ക്യാന്‍സറായി പരിണമിച്ചു മരിച്ചുപോയ പെണ്ണുങ്ങളെ കുറിച്ച് കൂടി പറഞ്ഞപ്പോള്‍ സാവിത്രിക്ക് മൂത്രം മുട്ടി. അങ്ങിനെയാണ്. പേടി ശരീരത്തിന് താങ്ങാന്‍ കഴിയാത്തതുകൊണ്ടാവും പെട്ടെന്നുള്ള മൂത്രശങ്കയെന്ന് സാവിത്രിക്ക് തോന്നാറുണ്ട്. അവള്‍ ബാത്ത് റൂമില്‍ പോയി മൂത്രമൊഴിച്ച് വരുന്നതും കാത്ത് അമ്മായി കഥയുടെ രസച്ചരട് വിടാതെ പിടിച്ചിരിപ്പുണ്ടായിരുന്നു. സാവിത്രി അത് കേള്‍ക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെങ്കിലും. വിവാഹം കഴിഞ്ഞ് ഇരുപത്തഞ്ച് വര്‍ഷത്തോളം ഒന്നും സംസാരിക്കാതെ സഹികെട്ട ദമ്പതികള്‍ കുടുംബകോടതിയെ സമീപിച്ച പത്രവാര്‍ത്തയെ കുറിച്ച് പറഞ്ഞ് അമ്മായി ചിരിച്ചപ്പോള്‍, വലിയ തമാശയായി തോന്നായ്‌കയാല്‍ അവള്‍ ചിരിച്ചതേയില്ലായിരുന്നു. അതിന്റെ അര്‍ത്ഥവും അമ്മായി വായിച്ചെടുത്തിട്ടുണ്ടാവുമെന്ന് സാവിത്രി ഊഹിച്ചു. ഉച്ചയ്‌ക്ക് ശേഷം സൂര്യനൊന്ന് ചെരിഞ്ഞ് പതിഞ്ഞപ്പോഴേക്കും അമ്മായിയും വാക്കുകളും വീട്ടില്‍ നിന്നും ഇറങ്ങി പോയി. എന്തുണ്ട് ജാഌ, സാവീന്റാടത്തെ വിശേഷമെന്ന് അമ്മ ചോദിക്കുമ്പോള്‍, അമ്മയെ ആധിപിടിപ്പിക്കാനായിക്കൊണ്ട് അമ്മായി താന്‍ വായിച്ചെടുത്തതൊക്കെ പറഞ്ഞു കേള്‍പ്പിക്കുമായിരിക്കും, അന്നു രാത്രിയില്‍ ഭര്‍ത്താവിന്റെ ഓരം പറ്റി കിടക്കവേ മൗനത്തിന്റെ കൂടു പൊട്ടിച്ച് അവള്‍ പതിയെ വെളിയിലേക്ക് ചാടി. "ദേ.. ഇങ്ങള് കേള്‍ക്കുന്നുണ്ടോ.. മ്മളെ രാധേച്ചിന്റെ മോള് ഒര് ഓട്ടോര്‍ഷ ൈഡ്രവറ്‌ടെ കൂടെയാണേത്ര ഒളിച്ചോടിപ്പോയത്.' സാവിത്രിയുടെ ഉള്ളില്‍ ഉറഞ്ഞു വന്ന സങ്കടം ഭര്‍ത്താവിന്റെ കൂര്‍ക്കം വലിയില്‍ ആവിയായിപ്പോയി. ശു... ഇങ്ങിനെയൊര് മഌഷ്യന്‍ എന്ന് പറഞ്ഞ് ശുണ്‌ഠിയെടുത്ത് രാമുണ്യേട്ടന്റെ ചന്തിക്കിട്ട് ഒരു ഌള്ളും കൊടുത്തു. ഒരു ഞെരക്കത്തോടെ അയാളൊന്നു തിരിഞ്ഞു കിടക്കുകയും, സാവിത്രിമലര്‍ന്നു കിടന്ന് കണ്ണു മിഴിച്ച് അടുത്ത മുറിയില്‍ കിടക്കുന്ന മകളിലേക്ക് ചെവികൊടുക്കുകയും ചെയ്‌തു. അല്ലെങ്കിലും കുറച്ചു കാലമായി അവളുടെ ചാരക്കണ്ണുകള്‍ മകളുടെ രഹസ്യങ്ങളെ ചോര്‍ത്തിയെടുക്കാഌള്ള ശ്രമം തുടങ്ങിയിട്ട്. അരുമയോടെ തൊട്ടുതലോടിയും കവിളോട് ചേര്‍ത്തു പിടിച്ചും എന്നും കൂടെ കൊണ്ടു നടക്കുന്ന അവളുടെ വലിയ ഫോണും അതിലൂടെ പറന്നു പോകുന്ന സ്വകാര്യം പറച്ചിലുകളും സാവിത്രിയുടെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. തങ്ങള്‍ക്കിടയില്‍ മൗനത്തിന്റെ മതിലുയര്‍ത്തി മകള്‍ ഒരു ശത്രുരാജ്യമായിവളര്‍ന്നു വരുന്നത് വൈകിയാണെങ്കിലും സാവിത്രി തിരിച്ചറിഞ്ഞിട്ടുണ്ട്. നിയമങ്ങളും സംസ്‌കാരവും വ്യത്യസ്‌തമായൊരു രാജ്യം. നാട്ടിലൊക്കെ പതിനെട്ട് വയസ്സ് തികയുമ്പോഴേക്ക് പെണ്ണും, ഇരുപത്തൊന്ന് തികഞ്ഞ പാടെ ആണും ഒളിച്ചോടിക്കൊണ്ടിരിക്കുന്ന സീസണാണ്. സ്‌നേഹം കിട്ടാഞ്ഞിട്ട് തിരഞ്ഞു പോവുകയായിരുന്നില്ല അവരാരും. മക്കളെ സ്‌നേഹിച്ച് കൊതിതീരാത്ത, യൗവ്വനം വിട്ടു പോയിട്ടില്ലാത്തവരായിരുന്നു അവരുടെ മാതാപിതാക്കള്‍. ദു:ഖം താങ്ങാന്‍ വയ്യാതെ അകാലത്തില്‍ വാര്‍ദ്ധക്യത്തിലേക്ക് വീണുപോകുന്നവര്‍. ഫാനിന്റെ കറക്കം കൊണ്ടൊന്നും തണുപ്പിക്കാനാവാതെ ഉള്ളുവെന്ത് സാവിത്രി എപ്പോഴോ ഉറങ്ങി. പിറ്റേന്ന് രാവിലെ കുളിച്ച് തോര്‍ത്തിക്കഴിഞ്ഞ് പതിവുപോലെ രാസ്‌നാദി പൊടി മൂര്‍ദ്ദാവില്‍ തിരുമ്മുകയായിരുന്ന രാമുണ്ണിയോട് സാവിത്രി പറഞ്ഞു തുടങ്ങി. "രാമുണ്യേട്ടാ.. ഇങ്ങള് ചൂടാവരുത്. എനിക്ക് ഇങ്ങളോട്
പറയാണ്ടിരിക്കാനാവൂല്ല. പിന്നെ ഇങ്ങള് പറയുല്ലേ ഇഞ്ഞി അറിഞ്ഞിറ്റും ഇേത്രം കാലം എന്നോടെന്ത് കൊണ്ട് പറഞ്ഞില്ലാന്ന്' തന്റെ ഭാര്യയുടെ ഇേത്രം വലിയ മുഖവുരയൊന്നും കേള്‍ക്കാഌള്ള ക്ഷമയില്ലാതിരുന്ന രാമുണ്ണി നെറ്റി ചുളിച്ചു. സാവിത്രി, നിമിഷ വീട്ടിലില്ലെന്ന് ഒരിക്കല്‍ കൂടി ഉറപ്പു വരുത്തി. മകള്‍ തന്നോട് മിണ്ടാതായത് എപ്പോള്‍ മുതലാണെന്ന് സാവിത്രി ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. വീട്ടിലാരെങ്കിലും വിരുന്നു വന്നാല്‍ പോലും നിമിഷ മുറി വിട്ട് പുറത്തിറങ്ങാത്തതിനെയും, നിമിഷയുടെ പലക പോലുള്ള മൊബൈല്‍ ഫോണില്‍ ഒളിഞ്ഞിരിക്കുന്ന കുരുത്തക്കേടുകളെയും കുറിച്ച് സാവിത്രി പറഞ്ഞു തുടങ്ങിയപ്പോള്‍ ഫുള്‍ സ്‌റ്റോപ്പും കോമയുമില്ലാതെ ശരപരാണ് ഒരൊഴുക്കായിരുന്നു. അപ്പോഴൊക്കെ ചെവിയില്‍ കയറിയ വെള്ളം പുറത്തു കളയാനായി തലചരിച്ച് പിടിച്ച് ഒറ്റക്കാലില്‍ തുള്ളിയും ചെവിയില്‍ വിരലിട്ടുകുത്തിയും ഒര് എടങ്ങാറിനെ കളയാഌള്ള തത്രപ്പാടിലായിരുന്നു രാമുണ്ണി. ഒക്കെ പറഞ്ഞു തീര്‍ന്നപ്പോള്‍ പെരുമഴയൊഴിഞ്ഞ ആകാശം പോലെ അവളൊന്നു തെളിഞ്ഞു. തോര്‍ത്തിന്റെ അറ്റം ചെറുതായി കൂര്‍പ്പിച്ച് ചെവിയിലേക്ക് തിരികി കയറ്റവേ ശ്ശോ.. നാശം എന്ന് അലറി അയാള്‍ നിശ്ശബ്ദതയുടെ തോടുടച്ചു. പിന്നെയും അവിടെ സാവിത്രിയെ വേവിക്കാന്‍ പോന്ന വിധം ദീര്‍ഘമായ മൗനം തിടംവെച്ചു. കേട്ടപാതി കേള്‍ക്കാത്ത പാതി രാമുണ്ണിയേട്ടന്‍ വീടിനെയാകെ കീഴ്‌മേല്‍ മറിച്ചുകളയുമെന്നു പേടിച്ചാണ് അവള്‍ പറഞ്ഞതു തന്നെ. പക്ഷേ കേട്ടുകേട്ട് തിളച്ചുമറിയേണ്ട മഌഷ്യന്‍ തണുത്തുറച്ചു പോയത് സാവിത്രിയെ അത്ഭുതപ്പെടുത്തി. * * * * * രാമുണ്ണി മെസ്സജറില്‍ വിരല്‍ കൊണ്ട് ഒന്നു തുഴഞ്ഞതേയുള്ളൂ.. അപ്പോഴേക്കും പാവക്കുട്ടിയുടെ െപ്രാഫൈല്‍ ചിത്രത്തിഌ നേരെ' പച്ചപുതച്ച ഒരു നോട്ടിഫിക്കേഷന്‍ കണ്ടെടുത്തു. അയാളുടെ ഉള്ളൊന്നു പാളി., വരാന്തയിലിരിക്കുന്ന തന്റെ കസേരയ്‌ക്കു പിന്നില്‍ ശ്വാസമടക്കിപ്പിടിച്ച് സാവിത്രി നില്‍ക്കുന്നതായി സങ്കല്‍പിച്ച് രാമുണ്ണി പെട്ടെന്ന് പിന്നിലേക്ക് തല വെട്ടിക്കുകയും ആരുമില്ലെന്ന് ആശ്വസിക്കുകയും ചെയ്‌തു. നോട്ടിഫിക്കേഷനില്‍ വിരല്‍ തൊട്ട പാടെ ഒരു കുല ചുവന്ന പൂക്കള്‍ അയാളുടെ വാളില്‍ വിടര്‍ന്നു. ഒരു സ്‌മൈലി കൊടുത്ത് .അയാള്‍ സാന്നിദ്ധ്യമറിയിച്ചു. വീട്ടിലാണോ..? അതെ. ഇന്നലെ എന്തു പറ്റി. ഞാന്രെത പൂക്കള്‍ തന്നൂ എന്നറിയ്യോ.. എനിക്കൊന്നും തന്നില്ലല്ലോ.. അവള്‍ പരിഭവത്തിലാണ്. ഇന്നലെ ദേഷ്യം കൊണ്ട് തിളച്ചു തൂവി തണുത്തു പോയ ഭാര്യയെ അയാളോര്‍ത്തു. ഇത്രമാത്രം തിളക്കാഌണ്ടായ കാര്യമെന്തെന്ന് അയാള്‍ക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. "അല്ലേലും ഇങ്ങക്കെല്ലാം നിസ്സാരാ.., എന്റെ അസുഖോന്നും ആരിക്കും തിരിയൂല്ല. രാവിലെ തൊട്ട് അട്‌ക്കളേന്ന് പെടക്ക്വല്ലേ ഞാന്‍. നടുവേദന്യായിറ്റ് ഞാനൊന്ന് കെടന്നതായിരുന്നു. ഓക്ക് ചോറെല്ലം മേശേമ്മല് എടുത്ത് വെച്ചതാണ്. ചോറ് തിന്ന് കഴിഞ്ഞിട്ട് അതൊന്ന് എട്‌ത്ത് കഴുകി വെക്കാന്‍ പോലും ഓക്ക് ആവൂല്ലാന്ന് പറഞ്ഞാല്‍... വാല്യക്കാരത്തി പെണ്ണല്ലേ.. ഓള്..' നിമിഷ അതൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. മുറിയുടെ വാതിലടച്ച് ചെവിയില്‍ ഇയര്‍ ഫോണ്‍ വെച്ച് ഏതോ പാട്ടിനൊപ്പിച്ച് അവള്‍ വിരലുകള്‍ കൊണ്ട് മേശമേല്‍ താളം പിടിച്ചു. കാലിടയില്‍ നിന്നും രക്തം വാര്‍ന്നു പോയ രണ്ടാം ദിവസമാണ് സാവിത്രി ഇങ്ങനെ തിളച്ചു മറിഞ്ഞത്. മാസത്തില്‍ രണ്ടോ മൂന്നോ പ്രാവശ്യം ആവര്‍ത്തിക്കുന്ന ഈ ചോര്‍ന്നൊലിപ്പിന്റെ ക്ഷീണം കണ്‍പോളകളില്‍ ഒരു നീര്‍ക്കെട്ടായി കിടക്കുന്നുണ്ട്. എത്രയോ കാലമായി ചികിത്സിച്ചിട്ടും ഭേദമാകാതെ, നില്‍ക്കുന്ന തന്റെ അസുഖം അവളില്‍ ദേഷ്യമായി ആവശ്യത്തിഌം അനാവശ്യത്തിഌം പുറത്തുചാടുന്നു. ആരോടെന്നില്ലാതെ തൊട്ടതിഌം പിടിച്ചതിഌം നരി പോലെ ചീറ്റുന്നു. രാത്രിയില്‍ രണ്ടു മണിക്ക് കോരിച്ചൊരിയുന്ന മഴയില്‍ പോലും തലശ്ശേരിയിലെ റെയില്‍വേ സ്‌റ്റേഷനിലെ ഇരുമ്പു ബഞ്ചില്‍ തണുത്തു മരവിച്ചുള്ള ട്രയിന്‍ കാത്തിരിപ്പ് മടുത്താണ് മണിപ്പാല്‍ കസ്‌തൂര്‍ഭായിലെ ചികിത്സ അവള്‍ മതിയാക്കിയത്. എന്തേ.. ഒന്നും പറയാത്തത്. ഉറങ്ങുന്നില്ലേ''..?' ഉം... ഇന്നലെ എവിടെ പോയതാരുന്നു..? കുറച്ച് തിരക്കായിപ്പോയി അയാള്‍ ഫോണിന്റെ ചില്ലു പ്രതലത്തില്‍ ചൂണ്ടുവിരല്‍ കൊണ്ട് ഇങ്ങിനെ കുറിച്ചിട്ടു. തന്റെ വാക്കുകള്‍ക്ക് കീഴെനൃത്തം വെക്കുന്ന മൂന്നു ഡോട്ടുകളെ അയാള്‍ നോക്കിയിരുന്നു. അവളിപ്പോള്‍ എഴുതിക്കൊണ്ടിരിക്കുകയാണ്. രാമുണ്ണി ഫോണ്‍ മേശപ്പുറത്തേക്ക് വെച്ചു. കറുത്ത ഫ്രയിമുള്ള കണ്ണട ഊരി ഫോണിന്നടുത്തു വെച്ച്
കസേരയിലേക്ക് ചാരിയിരുന്ന് കണ്ണുകളിറുക്കെ അടച്ച് തന്റെ ചെറുപ്പം വീണ്ടെടുത്തു. ഫോണിന്റെ ചില്ലു കൂട്ടില്‍ അവളുടെ വാക്കുകള്‍ വീണുടഞ്ഞ ശബ്ദം കേട്ട് അയാള്‍കണ്ണു തുറന്നു. മേശപ്പുറത്തു നിന്നും ഫോണെടുത്ത് നോക്കി. തന്റെ തിമിരപ്പാട വീണ കണ്ണുകള്‍ക്ക് വായിച്ചെടുക്കാനാവാത്ത വിധം വാക്കുകളുടെ വക്കൊടിഞ്ഞു പോയിരിക്കുന്നു എന്ന ആശങ്കയോടെ കണ്ണട എടുത്ത് മുക്കിഌ മേലെ വെക്കുകയായിരുന്നു. അപ്പോഴേക്കും സാവിത്രി വരാന്തയിലേക്കു വന്നു കഴിഞ്ഞിരുന്നു. "ഇങ്ങളിവിടെ ഉറക്കമൊഴിച്ചിരുന്ന്‌ഫോണില്‍ കളിക്ക്വാ....? തണുത്ത കാറ്റടിക്കുന്നുണ്ട് കേട്ടാ.. ശ്വാസം മുട്ടല് വര്‌ത്തിവെക്കണ്ട" എന്നു പറഞ്ഞതും രാമുണ്ണി വാര്‍ദ്ധക്യത്തിലേക്ക് മൂക്കുകുത്തി വീണതും പെട്ടെന്നായിരുന്നു. രാത്രി അടുക്കളയിലെ ജോലിയൊക്കെ കഴിഞ്ഞ് വിയര്‍പ്പു നാറുന്ന ശരീരം കഴുകി തുടച്ച് സാവിത്രി വന്നു കിടക്കുമ്പോള്‍, ഭാര്യയുടെ സാമീപ്യം പോലും അറിയാത്ത വിധം തന്റെ ഫോണില്‍ വിടര്‍ന്നു വിലസുന്ന പൂക്കളിലൊക്കെ മുത്തി പറക്കുന്ന പൂമ്പാറ്റയായി തീര്‍ന്നിരുന്നു രാമുണ്ണി. "രാമുണ്ണ്യേട്ടാ..' രണ്ടോ മൂന്നോ പ്രാവശ്യം വിളിച്ചപ്പോഴാണ് അയാള്‍ക്ക് ഒരനക്കമുണ്ടായത്. സാവിത്രിയുടെ കണ്ണുകള്‍ തന്റെ ഫോണിലേക്ക് നീളുന്നതറിഞ്ഞ് സ്‌ക്രീന്‍ ലൈറ്റ് ഓഫ് ചെയ്‌ത് രാമുണ്ണി ഫോണ്‍ തന്റെ തലയിണയ്‌ക്കടിയില്‍ വെച്ചു. "ഈട എന്റെ അമ്മായി വന്നീഌ.' "അയിന്.. ?' "എന്റെ അസുഖത്തിനെ പറ്റി ഞാ അമ്മായിയോട് പറഞ്ഞു.' "ഓറെപ്പളാ എം ബി ബി എസ്സ് കയിഞ്ഞേ..?' തമാശയാണ്. എന്റെ രോഗത്തെയും കഷ്ടപ്പാടുകളെയും കുറിച്ചു പറയുമ്പോള്‍ എപ്പോഴും ഉത്‌പാദിപ്പിച്ച് വിടുന്ന വളിച്ച തമാശ. ദേഷ്യം വന്നു. ഇവിടെ വെച്ച് അറ്റുപോയേക്കാവുന്ന സംഭാഷണമാണ്. അതിനഌവദിക്കാതെ സാവിത്രി തന്നെ തുടര്‍ന്നു. "ഇമ്മക്കൊന്ന് തലശ്ശേരി ആസ്‌പത്രിലെ ഡോക്ടറെ കാണിക്കണം. നല്ല ഗൈനക്കോളജിസ്‌റ്റ് ഉണ്ടെന്നാ കേട്ടത്.. റേഷന്‍ പീടിയേലെ കാര്യങ്ങള് കടേല് അരി തൂക്കി കൊടുക്കുന്ന ചെക്കനെ ഏല്‍പ്പിക്കാലോ..' അയാളൊന്നു മൂളി. സമ്മതമാണെന്നോ, പറ്റില്ലെന്നോ ഇഴപിരിച്ചെടുക്കാന്‍ പറ്റാത്ത വിധം കുറുകിയ ഒരു മൂളല്‍. എന്തായാലും സാരമില്ല, മൂളിയല്ലോയെന്ന സമാധാനത്തില്‍ അവള്‍ കണ്ണടച്ചു. ഈ സംഭാഷണം കഴിഞ്ഞ് മൂന്നു മണിക്കൂറായിട്ടും രാമുണ്ണി ഉറങ്ങിയിരുന്നില്ല. ക്ലോക്കിലെ സമയക്കാലുകള്‍ കിതച്ചു കൊണ്ട് നടക്കുക തന്നെയാണ്. രണ്ടു മണി കഴിഞ്ഞിട്ടുണ്ടാവും. രാമുണ്ണിക്ക് ശ്വാസം മുട്ടുന്നതായി തോന്നി. അയാള്‍ പതിയെ എഴുനേറ്റ് ലൈറ്റിട്ടു. അലമാര തുറന്ന് അതില്‍ നിന്നും ഇന്‍ഹൈലര്‍ എടുത്ത് മരുന്നിട്ട് വായിലേക്കടിച്ചു കയറ്റാന്‍ തുടങ്ങി. ഒരിക്കലുമില്ലാത്ത പോലെ അയാള്‍ക്ക് കിതക്കുന്നുണ്ടായിരുന്നു. അയാള്‍ അസ്വസ്‌ഥതയോടെ എഴുനേറ്റു നിന്നു. ജാലകപാളികള്‍ തുറന്ന് പുറത്തേക്ക് നോക്കി. നല്ല നിലാവുണ്ട്. പറമ്പിലാകെ നിലാവ് വിതറിയ മരങ്ങളുടെ നിഴല്‍. ഇപ്പോള്‍ തൊടിയിലെ നന്ത്യാര്‍വട്ടം പൂവിട്ടിട്ടുണ്ടാവണം. അതിന്റെ മാദക ഗന്ധം മൂക്കിലേക്ക് തുളച്ചുകയറുന്നുണ്ട്. അയാളപ്പോള്‍ ചുമരിലെ ക്ലോക്കിലേക്ക് നോക്കി. മൂന്നു മണി കഴിഞ്ഞിരിക്കുന്നു. ക്ലോക്കിലെ കാലിന്റെ കിതപ്പിനെക്കാള്‍ ഉച്ചത്തില്‍ ഇപ്പോള്‍ കേള്‍ക്കുന്നത് തന്റെ നെഞ്ചിന്‍ കൂട്ടിലെ ഇടിപ്പാണെന്ന് രാമുണ്ണിക്ക് മനസ്സിലായി. പെട്ടെന്ന് പുറത്ത് നിലാവില്‍ ഒരു നിഴലനക്കം കണ്ട് അയാളൊന്നു ഞെട്ടി. അത് തൊടിയിലേക്കാണ് നടന്നു നീങ്ങുന്നത്. അയാള്‍ പതിയെ റൂമിന്റെ വാതില്‍ തുറന്നു. വരാന്തയിലേക്കിറങ്ങുന്ന വാതില്‍ തുറന്നു വെച്ചിരിക്കുന്നു. ദൈവമേ.. ആരാണിത് തുറന്നു വെച്ചത്. അതല്ല, രാത്രി അടക്കാന്‍ മറന്നതാവുമോ..? അയാള്‍ പെട്ടെന്ന് വരാന്തയിലെ ലൈറ്റ് ഓണ്‍ ചെയതു. പ്രകാശം കണ്ട് നിമിഷ ഞെട്ടിത്തെറിച്ചു. അവളുടെ മുഖത്താകെ ഭീതി പടര്‍ന്നിരുന്നു.പാറിപ്പറിഞ്ഞ മുടി മുഖത്തേക്ക് വീണു കിടക്കുന്നുണ്ട്. അയാള്‍ ചുറ്റും നോക്കി മറ്റാരെയും കാണാനില്ല. അച്ഛനെ കണ്ട് ഒന്നും പറയാതെ അവള്‍ അകത്തേക്ക് ഓടിപ്പോയി. പിന്നെയും കുറച്ച് സമയം കൂടി രാമുണ്ണി വരാന്തയില്‍ തന്നെ നിന്നു. എവിടെയെങ്കിലും നിഴലുകള്‍ ചലിക്കുന്നുണ്ടോ എന്ന് അയാള്‍ ചുറ്റും സൂഷ്‌മമായി നിരീക്ഷിച്ചു. ഇത്ര നേരമായിട്ടും ഈ പെണ്ണ് ഉറങ്ങിയില്ലേ എന്ന ചിന്തയോടെ അയാള്‍ ബെഡ് റൂമിലേക്ക് കയറുകയും തലയിണയുടെ അടിയില്‍ നിന്നും തന്റെ ഫോണ്‍ എടുത്ത് തടവിയുണര്‍ത്തുകയും ചെയ്‌തു. പാവക്കുട്ടിയല്ല ഇപ്പോള്‍ അവളുടെ െപ്രാഫൈല്‍ ചിത്രം വിടര്‍ന്നു നില്‍ക്കുന്ന നന്ത്യാര്‍വട്ട പൂവാണ്. അവളുടെ ചുമരില്‍ ഡോട്ടുകള്‍ ഇപ്പോഴും പിടഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. അവള്‍ എഴുതിക്കൊണ്ടിരിക്കുകയാണ്.