റുപതുകളുടെ (1960) അവസാനം അന്നത്തെ പാര്‍ട്ടി സ്‌റ്റഡിക്ലാസുകളില്‍ ഞങ്ങളുടെ കൗമാരം പരിചയപ്പെട്ട ജര്‍മന്‍ ചിന്തകരായിരുന്നു ഹെഗലും മാര്‍ക്‌സും ഏംഗെല്‍സും മറ്റും. അവിടെ കേട്ടറിഞ്ഞ മാര്‍ക്‌സ്‌ഏംഗല്‍സ്‌ സിദ്ധാന്തങ്ങളുടെ ദാര്‍ശനിക അടിത്തറയെ സൂചിപ്പിക്കുന്നതായിരുന്നു വൈരുദ്ധ്യാത്മക ഭൗതികവാദം (Dialectical Materialism). അവരുടെ ചിന്തകളിലെ വ്യാഖ്യാന ചാതുരിയും ഭാഷാപ്രയോഗങ്ങളും അര്‍ത്ഥതലങ്ങളും ഇന്നും ഓര്‍മ്മയില്‍ സജീവമാണ്‌. ഹെഗലിന്റെ വൈരുദ്ധ്യാത്മക ആശയങ്ങളെ ക്രേμീകരിച്ചുള്ളതാണ്‌ അവ. ഇന്ന്‌ ഏറെക്കൂറെ അര നൂറ്റാണ്ടിലധികമായ കാലത്ത്‌ ആ വ്യാഖ്യാന കല ആരെയെങ്കിലും രസിപ്പിക്കുന്നതായി അറിവില്ല. മലയാളത്തിലെ ആഌകാലിക പ്രസിദ്ധീകരണങ്ങളിലും പ്രത്യയശാസ്‌ത്രത്തിന്റെ പ്രചാരണായുധമായിരുന്ന സോവിയറ്റ്‌ പുസ്‌തകോത്സവങ്ങളിലും മറ്റും നടന്ന ആശയങ്ങളുടെ വില്‍പന പിന്നീട്‌ എങ്ങും കാണാതായി. എന്നല്ല ചില ഗ്രന്ഥപ്പുരകളില്‍ മാത്രമൊതുങ്ങിയ അവയുടെ പ്രസക്തി നമ്മുടെ ജീവിത സംസ്‌കാരത്തില്‍ നിന്നുതന്നെ അപ്രത്യക്ഷമായിക്കഴിഞ്ഞു. ഇന്ന്‌ മാര്‍ക്‌സിസറ്റ്‌ രാഷ്ട്രീയത്തിന്റെ ഏതോ നൈരന്തര്യം നിലനിലക്കെത്തന്നെ ജനങ്ങള്‍ അതിനെ അറിയാതായി. അവ അങ്ങനെ നമുക്ക്‌ അന്യമാവുകയും. മാര്‍ക്‌സിസ്‌റ്റ്‌ രാഷ്ട്രീയം പല വേഷപ്പകര്‍കളില്‍ നമുക്കു ചുറ്റും ഇപ്പോഴും നമ്മളുമായി നെഗോഷ്യെറ്റ്‌ (ചര്‍ച്ച) ചെയ്യുമ്പോഴും സിദ്ധാന്തങ്ങളുടെ ദാര്‍ശനിക മാനങ്ങള്‍ ആര്‍ക്കും ആവശ്യമില്ലാതായി. മാറിപ്പോയ നമ്മുടെ ജീവിതാടിത്തറയും ഡിജിറ്റല്‍ കാലവും അതിന്റെ ക്രയവിക്രയങ്ങളും അവശേഷിച്ച ഈ തലമുറയുമാണ്‌ ഈ കുറിപ്പില്‍ ഇപ്പോള്‍ സൂചിപ്പിക്കുന്നത്‌. മുഖക്കുറിപ്പ്‌ അപ്രസക്തമായ ഒരു സംവാദം അപ്രസക്തമായ ഒരു സംവാദം

പറഞ്ഞു തുടങ്ങിയിടത്ത്‌ നിന്ന്‌ ഇപ്പോള്‍ വളരെ ദൂരെയാണ്‌ നമ്മള്‍ എത്തിയിരിക്കുന്നത്‌. ഒരു മൂല്യത്തിഌം പ്രത്യേകിച്ച്‌ യാതൊരു പ്രസക്തിയുമില്ലാത്ത ഇടമാണിത്‌. ഇന്ന്‌. ജീവിക്കുന്ന മഌഷ്യരെ തമ്മില്‍ വേര്‍തിരിക്കുന്ന ഏതോ അപരിഷ്‌കൃത ഭാവങ്ങളുടെ സംവിധാനമാണ്‌ നമ്മുടെ മുമ്പില്‍. കാപട്യത്തില്‍ അഭിരമിക്കുന്ന ഏതോ ശൂന്യതയുടെ വിളയാട്ടം. മാനവികതയോട്‌ സഹതപിക്കാത്ത, അതിനെ ആദരിക്കാത്ത ജനാധിപത്യമെന്ന്‌ വിളിക്കപ്പെടുന്ന ഈ സ്വാതന്ത്യ്രത്തിന്റെ ജാഡ പോലും എത്രയോ ഭേദം!! ഇന്‍ഡ്യന്‍ ജനാധിപത്യത്തിലെ ഈ സാഹചര്യത്തില്‍ പ്രസക്ത വിഷയത്തെക്കുറിച്ചുള്ള ഒരു സംവാദം ഒരു വിധത്തിലും ന്യായീകരിക്കപ്പെടുന്നില്ല. സംവാദങ്ങള്‍ ഇനി ഇവിടെ ഉണ്ടാകാന്‍ സാധ്യതയുമില്ല. പഴയ ശീലങ്ങള്‍ മറക്കേണ്ടത്‌ സ്വാഭാവികമായ ആവശ്യവുമാണ്‌. തുടക്കത്തില്‍ പരാമര്‍ശിച്ച വൈരുദ്ധ്യാത്മക ഭൗതികവാദ ചിന്ത പറയുന്നത്‌, ഭൗതിക ലോകത്തിലെ ആളുകളും വസ്‌തുക്കളും സംഭവങ്ങളുമാണ്‌ മാറ്റത്തിന്‌ കാരണമാകുന്നത്‌ എന്നാണ്‌. അതിജീവനത്തിനായി മഌഷ്യര്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കുകയും അവരുടെ വിഭവങ്ങള്‍ പങ്കിടുകയും ചെയ്‌തിരുന്ന പഴയ സംവിധാനം പ്രാകൃത കമ്മ്യൂണിസമായിരുന്നെന്ന്‌ പറയപ്പെടുന്നു. തൊഴിലാളികളും ഉടമകളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ മുതലാളിത്തത്തിന്റെ നാശത്തിഌം പുതിയൊരു കമ്മ്യൂണിസറ്റ്‌ വ്യവസ്‌ഥിതിക്കും കാരണമാകുമെന്ന്‌ മാര്‍ക്‌സ്‌ കരുതി. കമ്മ്യൂണിസത്തിഌ കീഴില്‍ ആളുകള്‍ സമത്വത്തിന്റെ ഉയര്‍ന്ന അവസ്‌ഥയിലെത്തുമെന്നും ഒരുമിച്ച്‌ പ്രവര്‍ത്തിക്കുമെന്നും അവരുടെ വിഭവങ്ങള്‍ പങ്കിടുമെന്നും മാര്‍ക്‌സ്‌ വിശ്വസിച്ചു. ഈ അവസ്‌ഥ മഌഷ്യരാശിയുടെ ആത്യന്തിക ലക്ഷ്യമാണെന്നും അത്‌ മെച്ചപ്പെടുത്താന്‍ കഴിയില്ലെന്നുകൂടി മാര്‍ക്‌സ്‌ കരുതി. ആളുകള്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കുകയും തുല്യരായി പങ്കിടുകയും, അങ്ങനെ വിനാശകരമായ സംഘര്‍ഷമോ മെച്ചപ്പെട്ട ജീവിതത്തിലേക്കുള്ള വിപ്ലവങ്ങളുടെ ആവശ്യകതയോ ഇല്ലാതാക്കും. ആ വിധം കമ്മ്യൂണിസത്തിലെത്തുമ്പോള്‍, വൈരുദ്ധ്യാത്മക ഭൗതികവാദ ചക്രം അവസാനിക്കും. പക്ഷെ ഒന്നുമുണ്ടാകാനില്ല. ഗതികെട്ട്‌ ഭരണത്തില്‍ നിന്ന്‌ ഇന്ന്‌ പുറത്താക്കപ്പെട്ട ശക്തികള്‍ നാളെ ഏത്‌ രൂപം ആര്‍ജിക്കുമെന്ന്‌ പ്രവചിക്കുവാന്‍ ഈ അനിശ്ചിതത്വത്തില്‍ കഴിയില്ല. ഇന്ത്യയില്‍ മാത്രമല്ല ലോകത്താകമാനം പുറത്താക്കപ്പെട്ട സമാന ശക്തികള്‍ക്ക്‌ എന്തു സംഭവിച്ചെന്നു ഏറെക്കുറെ ചരിത്രം രേഖപ്പെടുത്തിയിട്ടുമുണ്ട്‌. എവിടെയാണ്‌ പിഴച്ചത്‌! അറിഞ്ഞുകൂട. ജനം നിസ്സഹായര്‍. പക്ഷെ കാലം കര്‍ക്കശനായ കണക്കപ്പിള്ള!!